
ഒരു മാസത്തെ വ്രതശുദ്ധിയും പ്രാർത്ഥനകളും പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. 29 ദിനരാത്രങ്ങൾ നീണ്ടുനിന്ന റംസാൻ വ്രതാനുഷ്ഠാനത്തിന് ശേഷം ശവ്വാലമ്പിളി മാനത്ത് തെളിഞ്ഞതോടെയാണ് പുണ്യപുലരിയിലേക്ക് വിശ്വാസികൾ കടന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ആയിരങ്ങൾ പങ്കുചേരും.ക്ഷമ, സഹനം, കാരുണ്യം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തിയ വ്രതകാലത്തിന് ശേഷമാണ് ആഘോഷമെത്തുന്നത്.
വിശപ്പറിയുക എന്നതിലുപരി വാക്കിലും പ്രവർത്തിയിലും തെറ്റുകൾ വരാതിരിക്കാനുള്ള ജാഗ്രതയായിരുന്നു കഴിഞ്ഞുപോയ ദിനങ്ങൾ. സക്കാത്ത് നൽകിയും ഇഫ്താർ സംഗമങ്ങളിലൂടെ സൗഹൃദം പുതുക്കിയും വിശ്വാസികൾ ഈ ദിനങ്ങളെ ധന്യമാക്കി. പുതുവസ്ത്രങ്ങൾ അണിഞ്ഞും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ചും സ്നേഹം പങ്കുവെക്കുന്ന തിരക്കിലാണ് ഇന്ന് ഏവരും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും ഐക്യദാർഢ്യവുമാണ് ഈ പെരുന്നാളിന്റെ സന്ദേശം.
“പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിപ്പിച്ച് എല്ലാവർക്കും ക്ഷേമവും സമാധാനവും സാധ്യമാകട്ടെ” – കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ (പെരുന്നാൾ സന്ദേശം).ഗൾഫ് മലയാളിക്ക് ഇത്തവണത്തെ ചെറിയ പെരുന്നാൾ അതിജീവനത്തിന്റേത് കൂടിയാണ്. മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും വിശ്വാസികൾ ആവേശത്തോടെ പെരുന്നാളിനെ വരവേൽക്കുന്നു.
ഇത്തവണ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഒരേ ദിവസമാണ് ആഘോഷം എന്ന പ്രത്യേകതയുണ്ട്.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പലയിടങ്ങളിലും പള്ളികൾക്കുള്ളിൽ മാത്രമാണ് പെരുന്നാൾ നമസ്കാരം. ഈദ്ഗാഹുകളും ഖുതുബയും ലഘൂകരിച്ചിട്ടുണ്ട്.പ്രവാസികളെ സംരക്ഷിക്കാൻ ജിസിസി ഭരണാധികാരികൾ നടത്തുന്ന ശ്രമങ്ങളെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രശംസിച്ചു. പ്രവാസികൾക്കും ഭരണകർത്താക്കൾക്കുമായി അദ്ദേഹം പെരുന്നാൾ ആശംസകൾ നേർന്നു.പെരുന്നാൾ ആഘോഷങ്ങൾ കഴിയുന്നതോടെ ഗൾഫിലെ ജോലി സമയക്രമങ്ങൾ പഴയ രീതിയിലേക്ക് മടങ്ങുകയും ജീവിതം സാധാരണ നിലയിലാവുകയും ചെയ്യും.