
കണ്ണൂർ : സിപിഎം നേതൃത്വത്തിന്റെ ധിക്കാരത്തിനും ധാർഷ്ട്യത്തിനുമെതിരെയാണ് തന്റെ പോരാട്ടമെന്ന് ടികെ ഗോവിന്ദൻ മാസ്റ്റർ. പാർട്ടിയുടെ സ്വാധീനത്തിൽ ജോലി നേടി ലക്ഷങ്ങൾ ശമ്പളം പറ്റുന്നവരാണ് താൻ പാർട്ടി ഓഫീസിൽ നിന്ന് കഞ്ഞി കുടിച്ച കണക്ക് പറയുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കുവേണ്ടി താൻ എല്ലാം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. സ്വന്തം ഭാര്യയെ ജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടി സെക്രട്ടറി. പ്രമുഖ നേതാക്കളെല്ലാം തളിപ്പറമ്പിൽ കേന്ദ്രീകരിക്കുന്നത് എൽഡിഎഫിന്റെ അങ്കലാപ്പാണ് കാണിക്കുന്നത്. പേരാവൂരിൽ ഇല്ലാത്ത എന്ത് കേന്ദ്രീകരണമാണ് തളിപ്പറമ്പിൽ നടത്തുന്നതെന്നും ടികെ ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. ലോസ് ഓഫ് പേ വരെ എടുത്ത് പാർട്ടിക്ക് വേണ്ടിയാണ് കുടുംബവും താനും പ്രവർത്തിച്ചത്.
ഇന്നും പാർട്ടി തകരരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും എന്നാൽ നിലവിലെ പോക്ക് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. തളിപ്പറമ്പിൽ ഇനിയൊരു രാഷ്ട്രീയ മാറ്റം വേണമെന്നും യുഡിഎഫ് നൽകുന്ന പിന്തുണ കണ്ട് എൽഡിഎഫ് ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളായ ടി ജനാർദ്ദനൻ, സമദ് കടബേരി, പി മുഹമ്മദ് ഇഖ്ബാൽ, പികെ സരസ്വതി, കെ മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.