Banner Ads

ഇത് വെറുമൊരു പ്രഖ്യാപനമല്ല, ജനരക്ഷകരുടെ വരവ്; തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് കടുപ്പിച്ച് വിജയ്

ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക നീക്കവുമായി ടിവികെ അധ്യക്ഷൻ വിജയ്. തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിൽ വിജയ് ജനവിധി തേടും. വടക്കൻ ചെന്നൈയിലെ ഡിഎംകെ കോട്ടയായ പെരമ്പൂരിലും, തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് താരം മത്സരിക്കുന്നത്. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും.

ഇത് വെറുമൊരു സ്ഥാനാർത്ഥി പ്രഖ്യാപനമല്ല. ജനങ്ങളുടെ സംരക്ഷകരെ അവതരിപ്പിക്കുന്ന യോഗമാണെന്ന് വിജയ് പറഞ്ഞു. തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ വിസിൽ ഉയർത്തിക്കാട്ടിയാണ് റാലിയെ അഭിസംബോധന ചെയ്തത്. ലഹരിമുക്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ ധനസഹായം തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെച്ചത്.

വിജയ് മത്സരിക്കുന്ന പെരമ്പൂർ ഡിഎംകെയുടെ കോട്ടയാണ്. 2021ൽ 50000ത്തിന് മുകളിൽ ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. ചെന്നൈയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം എന്ന പ്രത്യേകതയും പെരമ്പൂരിനുണ്ട്. തിരുച്ചിറപ്പള്ളി ഈസ്റ്റിലും കഴിഞ്ഞ തവണ ഡിഎംകെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.