കൊച്ചി : കോതമംഗലത്തെ സിനിമാ സെറ്റിൽ നിന്ന് രക്ഷപ്പെട്ട ആനയ്ക്കായി ഇന്നും തിരച്ചിൽ തുടരുകയാണ്. 60 അംഗ സംഘം തിരച്ചിൽ പുനരാരംഭിക്കും. പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചെങ്കിലും രാത്രികാല നിരീക്ഷണം തുടർന്നു.
റിസർവ് ഫോറസ്റ്റിലേക്ക് കയറിയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയി, എന്നാൽ ആനയെ കണ്ടെത്താനായില്ല. തെലുങ്ക് സിനിമയുടെ ഷൂട്ടിങിന് കൊണ്ട് വന്ന ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്. പരിക്ക് സംഭവിച്ച പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു.
പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ വേറൊരു ആന കാട്ടിലേക്ക് കയറി പോയെങ്കിലും പിന്നീട് തിരിച്ച് വന്നു. മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയി. മൂന്ന് പിടിയാനയും രണ്ടു കൊമ്പനാനയുമാണ് ഷൂട്ടിങ്ങിന് കൊണ്ട് വന്നത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടന്നു വരികയാണ്.