Banner Ads

തവനൂർ സെൻട്രൽ ജയിലിൽ കളിസ്ഥലമില്ലെന്ന പരാതി; തടവുകാരുടെ ആവശ്യം മനുഷ്യാവകാശ കമ്മീഷൻ തള്ളി.

മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാനോ വിനോദങ്ങളിൽ ഏർപ്പെടാനോ സൗകര്യമില്ലെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി. ജയിൽ സൂപ്രണ്ട് നൽകിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ഉത്തരവിട്ടത്.

മഞ്ചേരി എൻ.ഡി.പി.എസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയായ തടവുകാരനായിരുന്നു പരാതിക്കാരൻ. എന്നാൽ ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ജയിൽ അധികൃതർ കമ്മീഷനെ ബോധിപ്പിച്ചു. ജയിലിന്റെ നടുമുറ്റത്ത് തടവുകാർക്ക് വ്യായാമം ചെയ്യുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

അന്തേവാസികൾക്കായി ഫുട്‌ബോൾ, വോളിബോൾ എന്നിവ കളിക്കാനുള്ള സൗകര്യവും കാരംസ്, ചെസ്സ് തുടങ്ങിയ ഇൻഡോർ ഗെയിമുകളും സെല്ലുകളിൽ ലഭ്യമാണ്.എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷവും, അവധി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും തടവുകാർക്ക് ടെലിവിഷൻ കാണാനുള്ള അനുവാദമുണ്ട്.

പരാതിക്കാരൻ ജയിലിൽ ലഭ്യമായ ഇത്തരം വിനോദോപാധികളോ വ്യായാമ സൗകര്യങ്ങളോ പ്രയോജനപ്പെടുത്താറില്ലെന്ന് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലഭ്യമായ സൗകര്യങ്ങൾ മതിയായതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കിയത്.