Banner Ads

ദേവികുളം മണ്ഡലത്തിൽ പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി.

ഇടുക്കി: ദേവികുളം നിയോജക മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു.വിദൂര ആദിവാസി ഉന്നതിയായ ഇടമലക്കുടിയിലേക്കുള്ള പോളിംഗ് സാമഗ്രികളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ മൂന്നാറില്‍ നിന്നും പുറപ്പെട്ടു.215 പോളിംഗ് കേന്ദ്രങ്ങളാണ് ദേവികുളം നിയോജക മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടുള്ളത്.ഇടമലക്കുടിയില്‍ മാത്രം 3 പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും.

ദേവികുളം നിയോജക മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ തന്നെ ആരംഭിച്ചു.മൂന്നാര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു പോളിംഗ് സാമഗ്രികളുടെ വിതരണം ക്രമീകരിച്ചിരുന്നത്.വിദൂര ആദിവാസി ഉന്നതിയായ ഇടമലക്കുടിയിലേക്കുള്ള പോളിംഗ് സാമഗ്രികളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ മൂന്നാറില്‍ നിന്നും പുറപ്പെട്ടു.

പരപ്പയാര്‍, മുളകുതറ, സൊസൈറ്റിക്കുടിയിലടക്കം ഇടമലക്കുടിയില്‍ 3 പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും.ആശയവിനിമയ പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വയര്‍ലെസ് സെറ്റുകളും സാറ്റ്‌ലൈറ്റ് ഫോണ്‍ സംവിധാനവും ഒരുക്കി നല്‍കിയിട്ടുള്ളതായി ദേവികുളം സബ് കളക്ടര്‍ പറഞ്ഞു.ദേവികുളം മണ്ഡലത്തിലാകെ 255 വോട്ടിംഗ് യന്ത്രങ്ങളും 255 ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 277 വിവിപാറ്റും എത്തിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ദിവസമായ നാളെ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷ്യനുകളും അനുബന്ധ സാമഗ്രികളും തിരികെ മൂന്നാര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്രമീകരിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമില്‍ തിരികെയെത്തിക്കും. ദേവികുളം മണ്ഡലത്തില്‍ ഇത്തവണ 142265 വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.2021ല്‍ അത് 169400 ആയിരുന്നു.സമഗ്ര വോട്ടര്‍പട്ടിക പരിക്ഷ്‌ക്കരണത്തിന് ശേഷം ദേവികുളത്ത് 27135 വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്.