തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർ മാൻ മധുപാൽ എന്നിവരെ ഉൾപ്പെടുത്തി ചലച്ചിത്രനയം തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ സർക്കാർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മലയാള സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണത്തെക്കുറിച്ച് വെളിച്ചം വീശുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസം. റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ പരിഷ്കരണത്തിനുള്ള വ്യാപകമായ ആഹ്വാനങ്ങൾക്ക് കാരണമായി. പ്രത്യേകിച്ച് ലൈംഗിക ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട്.
ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുണ്‍ അധ്യക്ഷനായ സമിതിയില്‍ സാംസ്കാരികവകുപ്പിന്റെ മുൻസെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനർ. മിനി ആന്റണി കാലാവധി പൂർത്തിയാക്കിയതിനാൽ സമിതിയിലെ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് കണ്‍വീനറാകും. ബലാത്സംഗപീഡനപരാതിയില്‍ പ്രതിയായ നടനും എം.എല്‍.എ.യുമായ മുകേഷിനെ സമിതിയില്‍ നിന്നും ഒഴിവാക്കി.
ഫെഫ്കയുടെ പ്രതിനിധിയായിരുന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അടുത്തിടെ സമിതിയില്‍നിന്ന് രാജിവച്ചിരുന്നു. 2023 ജൂലൈയിൽ കേരളത്തിന്റെ ചലച്ചിത്രനയത്തിന്റെ കരട് തയ്യാറാക്കാൻ 10 അംഗ സമിതി രൂപീകരിച്ചു. എന്നാൽ നടി മഞ്ജു വാര്യരും ഛായാഗ്രാഹകന് രാജീവ് രവിയും രാജിവെച്ചു.നടിമാരായ പത്മപ്രിയ, നിഖിലാ വിമല്‍, നിർമാതാവ് സന്തോഷ് കുരുവിള തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. സമിതി പുനഃസംഘടിപ്പിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങും.