
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച രണ്ട് തവണ കേരളത്തിലെത്തും. ഈ മാസം 29-ന് ഞായറാഴ്ചയും ഏപ്രിൽ നാലിന് ശനിയാഴ്ചയുമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.മാർച്ച് 29-ന് ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം പ്രധാനമന്ത്രി പാലക്കാട്ടെത്തും.
ഉച്ചയ്ക്ക് 2.45-ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും.എസ്.പി.ജി (SPG) കോട്ടമൈതാനത്ത് പരിശോധന നടത്തി നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു.വൈകിട്ട് 3.50-ന് പാലക്കാട്ടെ പരിപാടി പൂർത്തിയാക്കി അദ്ദേഹം തൃശൂരിലേക്ക് തിരിക്കും. തൃശൂരിൽ വമ്പിച്ച റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും.പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് റാലിയിൽ മോദി സംസാരിക്കും.
സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ബിജെപിയുടെ ശക്തിപ്രകടനം വിളിച്ചോതുന്ന റോഡ് ഷോയും നടക്കും.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 31-ന് തിരുവനന്തപുരം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഏപ്രിൽ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അദ്ദേഹം പ്രചാരണത്തിനെത്തും.ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, രാജ്നാഥ് സിങ്, എസ്. ജയശങ്കർ എന്നിവർക്ക് പുറമെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തിൽ സജീവമാകും.