Banner Ads

സിനിമയെ സ്നേഹിച്ച ആ യാത്ര പാതിവഴിയിൽ നിലച്ചു; ഹരി മുരളിക്ക് വിട.

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരമായിരുന്ന ഹരി മുരളി (27) അന്തരിച്ചു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രശസ്ത നാടക-സിനിമ നടൻ കെ.യു. മുരളിയുടെയും പ്രസന്നയുടെയും മകനാണ്. അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ഹരി എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നാലര വയസ്സിൽ എ.എം. നസീർ സംവിധാനം ചെയ്ത സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്തേക്ക് എത്തിയത്. ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ‘അണ്ണൻ തമ്പി’, ‘മാടമ്പി’, ‘ഡോൺ’, ‘പട്ടണത്തിൽ ഭൂതം’, ‘ഉലകം ചുറ്റും വാലിഭൻ’ തുടങ്ങി പതിനഞ്ചോളം സിനിമകളിൽ ബാലതാരമായി തിളങ്ങി. സിനിമകൾക്ക് പുറമെ ‘കുട്ടിച്ചാത്തൻ’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങി നാൽപതോളം സീരിയലുകളിലും ഹരി വേഷമിട്ടു.

പഠനത്തിനായി അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം വർഷങ്ങൾക്ക് ശേഷം ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.ബെംഗളൂരുവിൽ നിന്ന് ബിഎസ്‌സി വിഷ്വൽ ഇഫക്ട്സ് ആൻഡ് ആനിമേഷൻ പൂർത്തിയാക്കിയ ഹരി, വിഎഫ്എക്സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയിൽ സജീവമാകാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. പ്രശസ്ത നടൻ ഗണപതി, നടൻ ബാബു അന്നൂർ എന്നിവർ ബന്ധുക്കളാണ്. ശ്രീമുരളിയാണ് സഹോദരൻ.