
ശബരിമല: അയ്യപ്പസ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകുന്നേരം സന്നിധാനത്തെത്തും. ശനിയാഴ്ച (നാളെ) നടക്കാനിരിക്കുന്ന മണ്ഡലപൂജയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും ശബരിമലയിൽ പൂർത്തിയായി. വൈകുന്നേരം 6.30-ന് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും.
ചൊവ്വാഴ്ച ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര ഇന്ന് രാവിലെ പെരുനാട് ശാസ്താക്ഷേത്രത്തിൽ നിന്നാണ് പ്രയാണം പുനരാരംഭിച്ചത്.ഉച്ചയ്ക്ക് 1.00: ചാലക്കയത്ത് എത്തിച്ചേരും.ഉച്ചയ്ക്ക് 1.30: പമ്പയിലെത്തി വിശ്രമം.വൈകുന്നേരം 3.00: പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിക്കും.വൈകുന്നേരം 5.00: ശരംകുത്തിയിൽ ആചാരപരമായ വരവേൽപ്പ്.ശരംകുത്തിയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കുന്ന തങ്ക അങ്കി, സോപാനത്ത് വെച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും.
തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും.ശനിയാഴ്ച രാവിലെ 10.10-നും 11.30-നും ഇടയിലുള്ള പുണ്യമുഹൂർത്തത്തിലാണ് ഈ വർഷത്തെ മണ്ഡലപൂജ നടക്കുക. തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ സമർപ്പിച്ചതാണ് 451 പവൻ തൂക്കം വരുന്ന ഈ തങ്ക അങ്കി.മണ്ഡലപൂജ പ്രമാണിച്ച് ശബരിമലയിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തേക്ക് എത്തുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പമ്പയിൽ നിന്ന് മലകയറ്റത്തിന് നിയന്ത്രണമുണ്ടാകും. ശനിയാഴ്ച മണ്ഡലപൂജ കഴിഞ്ഞ് രാത്രി 11-ന് ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30-ന് വൈകുന്നേരം നട വീണ്ടും തുറക്കും.