
സ്കൂളിൽ വെച്ച് മകനെ വഴക്കുപറഞ്ഞെന്നാരോപിച്ച് അധ്യാപകനെ വീട്ടിൽക്കയറി മർദ്ദിച്ച യുവാവ് പോലീസ് പിടിയിലായി. പുഷ്പഗിരി മാക്കൽ ശരത് ശശി (28) ആണ് അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജിനെ (37) ആക്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മദ്യലഹരിയിൽ ബൈക്കിലെത്തിയ ശരത്, ലിൻസിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശരത്തിന്റെ മകൻ ലിൻസ് പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കുട്ടിയെ അധ്യാപകൻ വഴക്കുപറഞ്ഞതാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മർദ്ദനമേറ്റ ലിൻസ് ജോർജ് മുമ്പ് ശരത്തിന് ട്യൂഷൻ എടുത്ത അധ്യാപകൻ കൂടിയാണ്.
ആക്രമണത്തിൽ കാര്യമായ പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ശരത്തിനെതിരെ തങ്കമണി പോലീസ് കേസെടുത്തു. ശരത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരെ നിലവിൽ കേസെടുത്തിട്ടില്ലെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.