പാറശ്ശാല:മദ്യം തേടി തമിഴ്നാട്ടുകാർ കേരളത്തിൽ എത്തുന്നു, തമിഴ്‌നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാക്കണം.കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും പാറശ്ശാലയിലെ ബിവറേജസ് കോർപ്പറേഷന്റെ മദ്യക്കടയിലേക്ക് അതിർത്തി കടന്നെത്തിയ തമിഴ്നാട്ടുകാർ അവിടത്തെ എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞതാണിത്.തമിഴ്‌നാട്ടിൽ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടിയാണ് ശനിയാഴ്ച രാവിലെ തമിഴ്‌നാട് എക്സൈസ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം പാറശ്ശാലയിലെ മദ്യക്കടയിലെത്തിയത്.
കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡും വിലയും മറ്റു വിവരങ്ങളും തമിഴ്നാട് എക്സൈസ് സംഘം ബെവ്കോ ജീവനക്കാരോടു ചോദിച്ചു. എന്നാൽ, ഹെഡ് ഓഫീസിൽനിന്നുള്ള നിർദേശമുണ്ടെങ്കിൽ മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കൂവെന്ന് അവർ അറിയിച്ചു. തുടർന്നാണ് മദ്യം വാങ്ങാൻ തമിഴ്നാട്ടിൽ നിന്നെത്തിയവരോടു വിവരങ്ങൾ തിരക്കിയത്. സമീപത്തെ പ്രീമിയം കൗണ്ടറും ഇവർ സന്ദർശിച്ചു. കടയ്ക്കുമുന്നിലെ വിലനിലവാര ബോർഡുകളുടെ ഫോട്ടോയുമെടുത്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്.