
കൊച്ചി : വിഷു ആഘോഷങ്ങൾക്കായി സപ്ലൈകോയുടെ വിഷു ചന്തകൾ സംസ്ഥാനത്തുടനീളം പ്രവർത്തനം ആരംഭിച്ചു. മാവേലിസ്റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചൊവ്വവരെ വിഷു ചന്തകൾ പ്രവർത്തിക്കുമെന്നും സപ്ലൈകോ അറിയിച്ചു. 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പണായി ലഭിക്കും.
സപ്ലൈകോ മെഡിക്കൽ സ്റ്റോർ, പെട്രോൾ ബങ്ക്, എൽപിജി ഔട്ട്‌ലെറ്റ് എന്നിവയ്ക്ക് ഈ ആനുകൂല്യം ബാധകമല്ല. ഏപ്രിൽ 16 മുതൽ മെയ് 30 വരെ സപ്ലൈകോയിൽ നിന്ന് വീണ്ടും 1000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഈ 101 രൂപ കിഴിവായി ലഭിക്കും. 16 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ പ്രത്യേക വിഷുക്കണി കിറ്റും സപ്ലൈകോ വിപണിയിൽ എത്തിച്ചിട്ടുണ്ട്.