Banner Ads

ആഞ്ഞടിച്ച് വേനൽമഴ! വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി; വടക്കൻ ജില്ലകളിൽ ദുരിതം വിതച്ച് കനത്ത മഴ

കോഴിക്കോട് : സംസ്ഥാനത്ത് വേനൽ മഴ ശക്തമായതോടെ വടക്കൻ കേരളത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം എടവണ്ണയില്‍ മിന്നലേറ്റയാള്‍ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെ മിന്നലേല്‍ക്കുകയായിരുന്നു.

കൊയിലാണ്ടിയിൽ മരക്കൊമ്പ് വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. എല്‍ഐസി ജീവനക്കാരനായ ആദർശിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂരിൽ കനത്ത മഴയിൽ വീട് തകർന്നു. നഗരത്തിലും മലയോര മേഖലകളിലും മഴ തുടരുകയാണ്.

കൂത്തുപറമ്പ് പരശൂരിൽ വീടിന്റെ മേൽക്കൂര തകർന്നു. ചിറ്റാരിപ്പറമ്പിൽ കടയുടെയും ജിംനേഷ്യത്തിന്റെയും മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. നെടുമ്പൊയിൽ ടൗണിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് വീടുകൾക്ക് മുകളിൽ തെങ്ങ് വീണു.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഏപ്രിൽ 1 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.