Banner Ads

വാട്ടർ ടാങ്കിന് മുകളിൽ ആത്മഹത്യാ ഭീഷണി; യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി; ആശ്വാസമായി മടക്കം.

കോഴിക്കോട് :മെഡിക്കൽ കോളേജ് പരിസരത്തെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. മഞ്ചേരി സ്വദേശി സൈനുദ്ദീനാണ് നാട്ടുകാരെയും അധികൃതരെയും മുൾമുനയിൽ നിർത്തി ആത്മഹത്യാശ്രമം നടത്തിയത്. പൊലീസും ഫയർഫോഴ്സും നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് യുവാവിനെ സുരക്ഷിതമായി താഴെയെത്തിച്ചത്.

കയ്യിൽ കല്ല്, കുപ്പിച്ചില്ലുകൾ, ബ്ലെയ്ഡ് എന്നിവയുമായാണ് സൈനുദ്ദീൻ ടാങ്കിന് മുകളിൽ കയറിയത്. താഴെ നിന്ന് അധികൃതർ നടത്തിയ അനുനയ നീക്കങ്ങളോടൊന്നും യുവാവ് സഹകരിക്കാൻ തയ്യാറായില്ല.താഴെ ഇറങ്ങാൻ വിസമ്മതിച്ചതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിൽ കയറി യുവാവിനെ സാഹസികമായി പിടികൂടുകയായിരുന്നു. താഴെ വല വിരിച്ചും മറ്റും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷമായിരുന്നു ഈ നീക്കം.

മണിക്കൂറുകൾ നീണ്ട പിരിമുറുക്കത്തിനൊടുവിൽ യുവാവിനെ താഴെയിറക്കിയതോടെയാണ് അധികൃതർക്കും നാട്ടുകാർക്കും ആശ്വാസമായത്. മെഡിക്കൽ കോളേജ് പരിസരത്ത് ഇതേതുടർന്ന് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.യുവാവിനെ താഴെയിറക്കിയ ശേഷം ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇത്തരമൊരു പ്രവർത്തിയിലേക്ക് യുവാവിനെ നയിച്ച കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.