
തിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്തയും അനധികൃത സംഭരണവും തടയാൻ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പരിശോധന കർശനമാക്കി. വിവിധ ജില്ലകളിൽ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ സിലിണ്ടറുകൾ കണ്ടെടുത്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട സ്ക്വാഡുകൾ സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറുന്നൂറിലധികം അനധികൃത സിലിണ്ടറുകൾ പിടിച്ചെടുത്തത്. ഇതിൽ ഗാർഹിക, വാണിജ്യ സിലിണ്ടറുകളും ചെറിയ (ചോട്ടു) സിലിണ്ടറുകളും ഉൾപ്പെടുന്നു.രണ്ട് ഹോട്ടലുകളിൽ നിന്ന് അഞ്ച് ഗാർഹിക സിലിണ്ടറുകളും, രേഖകളില്ലാതെ കടത്തുകയായിരുന്ന 50 വാണിജ്യ സിലിണ്ടറുകളും അധികൃതർ കസ്റ്റഡിയിലെടുത്തു.
സിലിണ്ടറുകൾ നിയമവിരുദ്ധമായി മാറ്റി നിറയ്ക്കുന്നതിനും വിതരണത്തിനുമായി ഉപയോഗിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. 1955-ലെ അവശ്യസാധന നിയമപ്രകാരവും എൽപിജി നിയന്ത്രണ ഉത്തരവ് പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് സ്പെഷ്യൽ ഓഫീസർ മുഹമ്മദ് ഷഫീഖ് അറിയിച്ചു.