Banner Ads

ഷോർട്ട് സർക്യൂട്ട് വില്ലനായി; പുന്നമടയിൽ ഹൗസ് ബോട്ടുകൾ കത്തിനശിച്ചു

ആലപ്പുഴ: പുന്നപ്ര പറവൂർ കിഴക്ക് പൂന്തുരത്ത് കായലിൽ നിർത്തിയിട്ടിരുന്ന രണ്ട് ഹൗസ് ബോട്ടുകൾ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ കായലിലേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി.ആദ്യം ഒരു ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. കാറ്റിലും മറ്റും തീ ആളിപ്പടർന്നതോടെ തൊട്ടടുത്ത് കിടന്ന രണ്ടാമത്തെ ബോട്ടിലേക്കും അഗ്നിബാധയുണ്ടായി.

രണ്ട് ബോട്ടുകളും മിനിറ്റുകൾക്കുള്ളിൽ തന്നെ പൂർണ്ണമായും കത്തിയമർന്നു.ബോട്ടുകൾക്കുള്ളിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ തീപിടുത്തത്തെത്തുടർന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ഇതോടെ തീ നിയന്ത്രിക്കുക പ്രയാസകരമായി മാറി.ബോട്ടുകൾക്കുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള സാധന സാമഗ്രികൾ എന്നിവയെല്ലാം ചാരമായി.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.സംഭവസ്ഥലത്ത് ഫയർഫോഴ്സും പോലീസും എത്തി തുടർനടപടികൾ സ്വീകരിച്ചു. കായൽ ടൂറിസം മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.