
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. പോലീസിന്റെ ബാരിക്കേഡുകൾ ഭേദിച്ച് ക്യാമ്പസിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ കോളേജ് ഓഫീസിന് നേരെ ആക്രമണം നടത്തി. ഓഫീസിന്റെ ജനൽ ചില്ലുകളും മുൻവശത്തെ പൂച്ചട്ടികളും തകർത്തു.
ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ ക്യാമ്പസിനുള്ളിൽ ഉന്തും തള്ളുമുണ്ടായി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരായ അധികൃതർക്കെതിരെ കർശന നടപടി വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.