ഷിരൂർ : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചേക്കും. തിരച്ചിൽ നടത്താനായി ഗോവയില്‍ നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും. വെളിച്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ ഗംഗാവലി പുഴയിലെ രണ്ട് പാലങ്ങള്‍ക്കിടയിലായി ഡ്രഡ്ജര്‍ നങ്കൂരമിട്ടിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തി നാല് മണിക്കൂറിന് ശേഷം ഡ്രെഡ്ജർ പ്രവർത്തനക്ഷമമാകുമെന്ന് കമ്പനി അറിയിച്ചു. നാവിക സേന ദുരന്ത മേഖലയില്‍ ഇന്ന് തിരച്ചില്‍ നടത്തും. ഡ്രഡ്ജര്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ആദ്യം തിരച്ചില്‍ ആരംഭിക്കുക നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താകും.
ലോറിയുടെ മുകളിൽ വീണ മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം മാറ്റുന്നതാണ് പ്രക്രിയ. മണ്ണിന്റെ കൂടെ കൂടിക്കിടക്കുന്ന മരങ്ങള്‍ തുടങ്ങിയവയും നീക്കം ചെയ്യണം. ഇതിനായി മൂന്നു മുതല്‍ ഏഴ് ദിവസമെങ്കിലും ആവശ്യമായി വരുമെന്നാണ് ഷിപ്പിംഗ് കമ്പനിയുടെ കണക്കു കൂട്ടൽ. ഗോവയില്‍ നിന്നും കൊണ്ട് വന്ന ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്. കൊണ്ട് വന്നത് ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജറാണ്. വെള്ളത്തിന്റെ അടിത്തട്ടിലെ മൂന്നടി വരെയുള്ള മണ്ണെടുക്കാൻ സാധിക്കും.