
പാലക്കാട് : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് ഡോ പി സരിൻ. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശത്രു വിഡി സതീശനാണെന്നും മുഖ്യമന്ത്രി മോഹത്തിന് വേണ്ടി ആരെയും കൂട്ടുപിടിക്കുമെന്നും സരിൻ ഫേസ്‌ബുക്കിൽ കുറിച്ചു. നിലവിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ശത്രുവും സതീശനാണെന്ന് സരിൻ പരിഹസിച്ചു.
ഏതുവിധേനയും മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യത്തോടെ പിവി അൻവർ മുതൽ ഷാജൻ സ്കറിയ വരെയും ജമാഅത്തെ ഇസ്‌ലാമി മുതൽ എസ് ഡിപിഐ വരെയുമുള്ള തീവ്ര നിലപാടുകാരെയും കാസ മുതൽ സംഘപരിവാർ വരെയുള്ള ശക്തികളെയും സതീശൻ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് സരിൻ ആരോപിച്ചു. രാഹുലിനെക്കൊണ്ട് ചുടുചോറ് വാരിച്ച വ്യക്തിയാണ് സതീശൻ.
സതീശന്റെ കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുകയും ഇപ്പോൾ ഒരു അവസരം വന്നപ്പോൾ രാഹുലിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസുകാരുടെ ഗുഡ് ബുക്സിൽ ഇടംപിടിക്കാൻ ശ്രമിക്കുകയുമാണ്. സ്വന്തം നേട്ടത്തിന് വേണ്ടി ആരെയും ചതിക്കുന്ന അവസരവാദിയാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹത്തിന്റെ പുതിയൊരു തനിനിറം വരുംദിവസങ്ങളിൽ തുറന്നുകാട്ടപ്പെടുമെന്നും സരിൻ മുന്നറിയിപ്പ് നൽകി.