Banner Ads

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തേക്ക്? ജാമ്യാപേക്ഷയിൽ വിധി നാളെ.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകുന്നു. ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ച പോറ്റിക്ക്, കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ കട്ടിളപാളി കേസിലും സ്വാഭാവിക ജാമ്യം (Statutory Bail) ലഭിക്കാൻ വഴിയൊരുങ്ങി. കേസിൽ 90 ദിവസത്തെ ജയിൽ വാസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രതി കോടതിയെ സമീപിച്ചത്.

കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായ ഹർജിയിൽ വിധി നാളെ പറയും. നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തത് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ഇതോടെ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് പിന്നാലെ മുഖ്യപ്രതിയും പുറത്തിറങ്ങുകയാണ്.വി.എസ്.എസ്.സിയിലെ പരിശോധനയിൽ പാളികൾ മാറിയിട്ടില്ലെന്ന് വ്യക്തമായതോടെ, എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുക എന്നത് മാത്രമാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ. എന്നാൽ ഇതിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

തുടക്കത്തിൽ ആവേശം കാട്ടിയ അന്വേഷണ സംഘം ഇപ്പോൾ മന്ദഗതിയിലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമായിട്ടും കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്ന വിമർശനവും ഉയരുന്നുണ്ട്.നിലവിൽ ദേവസ്വം ബോർഡും പ്രതികളും നൽകിയ വിവരങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. ശാസ്ത്രീയമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസിന്റെ വിചാരണാ ഘട്ടത്തിൽ അത് പോലീസിന് വലിയ തിരിച്ചടിയാകും.

മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈൈജു അടക്കമുള്ള മറ്റ് പ്രതികളും സ്വാഭാവിക ജാമ്യത്തിനായി കോടതിയിലെത്തിയിട്ടുണ്ട്. സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്ന പോറ്റിയെ പൂട്ടാൻ ഇഡി തയ്യാറെടുക്കുന്നു. ജാമ്യം ലഭിച്ചാൽ ഉടൻ ചോദ്യം ചെയ്യലിനായി സമൻസ് നൽകും. കേസിലെ മറ്റൊരു പ്രതി മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്ത് നോട്ടീസ് നൽകി വിട്ടയിച്ചിരുന്നു.

2019 മുതലുള്ള മുരാരിയുടെ സാമ്പത്തിക ഇടപാടുകളിലാണ് പരിസോധന. എന്നാൽ തിനക്ക് പോറ്റിയുടമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നാണ് മുരാരിയുടെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ രേഖകൾ പരിശോധിച്ച ശേഷം ഇഡി മുരാരിയെ വീണ്ടും വിളിപ്പിക്കും.