Banner Ads

രോഹിത് ‘ദ ഹിറ്റ്മാൻ’ ഒന്നാമത്: ഏകദിന റാങ്കിംഗിൽ കരിയർ ബെസ്റ്റ്; ചരിത്രമെഴുതി ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ

ദുബായ്: ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമ്മ തന്റെ കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ചരിത്രം കുറിച്ചു. 38-ാം വയസ്സിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയാണ് രോഹിത്.ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത്തിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.

രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും മൂന്നാം മത്സരത്തിൽ അപരാജിത സെഞ്ചുറിയും.പരമ്പരക്ക് മുമ്പ് 743 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്ന രോഹിത്, പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ 781 റേറ്റിംഗ് പോയിന്റുമായാണ് ഒന്നാം സ്ഥാനം നേടിയത്.ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ട് സ്ഥാനം താഴേക്കിറങ്ങിയ ഗിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ വിരാട് കോലി, മൂന്നാം മത്സരത്തിൽ അർധസെഞ്ചുറി നേടിയെങ്കിലും ഒരു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തേക്ക് വീണു.രണ്ടാം ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ ശ്രേയസ് അയ്യർ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ. സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.