
കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അണികളെ സജ്ജമാക്കാനും കേരളത്തിൽ ഭരണമാറ്റം ഉറപ്പാക്കാനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ ഫെബ്രുവരി ആറിന് തുടക്കമാകും. കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.ഫെബ്രുവരി 6, വൈകിട്ട് 4 മണിക്ക് കുമ്പള ടൗണിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. നിർവ്വഹിക്കും.
ആദ്യദിവസം രാത്രി ഏഴിന് കാസർകോട് മണ്ഡലത്തിൽ സ്വീകരണം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ അഞ്ച് മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി മാർച്ച് ആറിന് യാത്ര സമാപിക്കും.യുഡിഎഫ് ഘടകകക്ഷികളുടെ എല്ലാ സംസ്ഥാന നേതാക്കളും യാത്രയുടെ ഭാഗമാകും. ഓരോ ജില്ലയിലും വിവിധ മേഖലകളിലെ പ്രമുഖരുമായി വികസന വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും.
എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കും ധൂർത്തിനും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള ജനമുന്നേറ്റമായി ഈ യാത്ര മാറുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. കേരളത്തിന്റെ തകർന്ന വികസന മേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള യുഡിഎഫിന്റെ കാഴ്ചപ്പാടുകൾ യാത്രയിലുടനീളം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം വോട്ടായി മാറ്റുകയാണ് ലക്ഷ്യമെന്ന് യുഡിഎഫ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, എ. ഗോവിന്ദൻ നായർ, പി.കെ. ഫൈസൽ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.