Banner Ads

വയനാട്ടിൽ എലിപ്പനി വ്യാപകമാകുന്നു; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി

കൽപ്പറ്റ:വയനാട് ജില്ലയിൽ എലിപ്പനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് അറിയിച്ചു. 2024ൽ ജില്ലയിൽ 403 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 129 സംശയിക്കുന്ന കേസുകളുമുണ്ടായി.

25 പേർ മരണപ്പെട്ടു. 2025ൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 45 സ്ഥിരീകരിച്ച കേസുകളും 102 സംശയിക്കുന്ന കേസുകളുമുണ്ടായിട്ടുണ്ട്. 18 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്കരുമാണ്. പട്ടികവർഗ മേഖലയിലുള്ളവരും ഉൾപ്പെടുന്നു. ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടികൊണ്ടു പോയവരാണ് ഭൂരിഭാഗവും.

എലിപ്പനി ബാധക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ജോലി ചെയ്യുമ്പോഴും ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക കഴിക്കാത്തവരും ഇതിൽ ഉൾപ്പെടുന്നു.പ്രായഭേദമന്യേ ആർക്കും എലിപ്പനി ബാധിക്കാമെന്നും നേരത്തേ ചികിത്സ തേടിയില്ലെങ്കിൽ രോഗം ഗുരുതരമായി മരണം സംഭവിക്കാമെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

എലി, കന്നുകാലികൾ, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് എലിപ്പനി.