Banner Ads

കുടുംബബന്ധമല്ല, രാഷ്ട്രീയം വലുത്; കൊടുങ്ങല്ലൂരിൽ മരുമകനെ തള്ളിപ്പറഞ്ഞ് ചാണ്ടി ഉമ്മൻ

കൊടുങ്ങല്ലൂർ: ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിൽ യുഡിഎഫിനായി ആഞ്ഞടിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. യുഡിഎഫ് സ്ഥാനാർത്ഥി ഒജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്നും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് ആരും ഇവിടെ വോട്ടുപിടിക്കേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

എൻഡിഎ (ട്വന്റി 20 പിന്തുണയോടെയുള്ള) സ്ഥാനാർത്ഥിയും ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ ഭർത്താവുമായ വർഗീസ് ജോർജിനെ ലക്ഷ്യം വെച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പരാമർശം. ഒജെ ജനീഷിന്റെ പ്രചാരണത്തിനായി അന്നമനടയിൽ എത്തിയതായിരുന്നു അദ്ദേഹം. കെ കരുണാകരന്റെ മണ്ണിൽ യുഡിഎഫിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും നിയമസഭയിൽ തന്റെ കൂടെ ജനീഷ് ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

പൊയ്യയിൽ നിന്നും മാള, വലിയപറമ്പ് വഴി അന്നമനട വരെ സൈക്കിൾ ചവിട്ടി ചാണ്ടി ഉമ്മൻ റോഡ് ഷോ നടത്തി. സ്ഥാനാർത്ഥി ഒജെ ജനീഷും സൈക്കിൾ യാത്രയിൽ പങ്കുചേർന്നു. ആയിരക്കണക്കിന് പ്രവർത്തകരാണ് ബൈക്കുകളിലും കാറുകളിലുമായി റാലിയെ അനുഗമിച്ചത്.