Banner Ads

പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞു; ആറ് തൊഴിലാളികൾക്ക് പരിക്ക്, ഡ്രൈവർക്കായി തിരച്ചിൽ

മലപ്പുറം: പയ്യനാട് കുട്ടിപ്പാറയിൽ കുഴൽക്കിണർ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെ കുട്ടിപ്പാറ കാരേപറമ്പ് വളവിലായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ ആറ് പേരെയും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അന്തർസംസ്ഥാന തൊഴിലാളികൾ വിക്കി (20), ശശിപാൽ (26).

പാലക്കാട് സ്വദേശികൾ ഷഫീഖ്, ശ്രീരാമൻ, ചന്ദ്രൻ, വിജേഷ്.വണ്ടൂരിലേക്ക് കുഴൽക്കിണർ കുഴിക്കാൻ പോകുന്നതിനിടെ കാരേപറമ്പ് വളവിൽ വെച്ച് ലോറി മതിലിലിടിച്ച് മറിയുകയായിരുന്നു. മഞ്ചേരി കൊരമ്പയിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന ‘മഞ്ചേരി ബോർവെൽ’ എന്ന സ്ഥാപനത്തിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്റേതാണ് ഈ സ്ഥാപനം.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശി രാജീവ് എന്ന കതിറിനെ (42) കാണാതായത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഡ്രൈവർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന സംശയത്തെത്തുടർന്ന് മഞ്ചേരി അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി പരിശോധന നടത്തി. എന്നാൽ ലോറിക്കടിയിൽ ആരെയും കണ്ടെത്താനായില്ല. അപകടം നടന്ന ഉടൻ തന്നെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.