Banner Ads

അധികാര അഹങ്കാരത്തിന് ജനവിധി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജനങ്ങൾക്കിടയിൽ എത്രമാത്രം ഒറ്റപ്പെട്ടുവെന്നതിന്റെ തെളിവാണ് പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ വീഴ്ചകളും ജനദ്രോഹ നടപടികളും ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും സതീശൻ പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്‍റെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും സതീശൻ ആരോപിച്ചു.

തൃശൂരിലെ ബിജെപി വിജയം ആസൂത്രിതമായ ഡീലിന്റെ ഫലമാണെന്ന് വിഡി സതീശൻ ആവർത്തിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മരവിപ്പിക്കാനായി തൃശൂർ സീറ്റ് ബിജെപിക്ക് നൽകിയതിന്റെ സൂത്രധാരൻ പിണറായി വിജയനാണ്. സിപിഎം കോട്ടകളിൽ നടന്ന വോട്ട് ചോർച്ച ഇതിന് തെളിവാണ്.

തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ അധിക്ഷേപിക്കാനും വർഗീയത ഇളക്കിവിട്ട് വോട്ട് നേടാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോൺഗ്രസ് മുക്ത കേരളം എന്ന ബിജെപി അജണ്ടയാണ് പിണറായിയും നടപ്പിലാക്കാൻ നോക്കിയത്. ഇതിനുള്ള മറുപടി കൂടിയാണ് ജനങ്ങൾ നൽകിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.