
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ മത്സരിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ താത്പര്യം പ്രകടിപ്പിച്ചതായി സൂചന. മണ്ഡലത്തിലെ സഭാ-സമുദായ നേതാക്കൾക്കും തന്റെ സ്ഥാനാർത്ഥിത്വത്തിൽ അനുകൂല നിലപാടാണെന്ന് മറിയം പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഉൾപ്പെടെയുള്ളവർ മറിയവുമായി ഫോണിൽ സംസാരിച്ചതായും വിവരമുണ്ട്.
നിലവിൽ കേരള കോൺഗ്രസ് (എം) പ്രതിനിധി പ്രൊഫ. എൻ. ജയരാജ് തുടർച്ചയായി വിജയിക്കുന്ന സീറ്റാണിത്. മറിയ ഉമ്മനെപ്പോലൊരു നേതാവിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻ.ഡി.എ സ്ഥാനാർത്ഥിയായി എത്തിയേക്കുമെന്ന സൂചനകൾ കൂടി പുറത്തുവരുന്നതോടെ കാഞ്ഞിരപ്പള്ളിയിൽ ത്രികോണ പോരാട്ടം കടുക്കും. അതേസമയം, പാർട്ടി ആവശ്യപ്പെട്ടാൽ കുടുംബവുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മറിയ ഉമ്മൻ പ്രതികരിച്ചു.