Banner Ads

പ്രശസ്ത സിനിമാ നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി : മലയാളസിനിമയുടെ അമ്മ നടി കവിയൂര്‍ പൊന്നമ്മയ്ക്ക് വിട..  ആരോ​ഗ്യ നില ​അതീവ ഗുരുതരമായതിനെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എങ്കിലും സ്ഥിതി രൂക്ഷമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കുറച്ച് നാളുകളായി അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു കവിയൂർ പൊന്നമ്മ.  കവിയൂർ പൊന്നമ്മയുടെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് ഒരിക്കലും പകരം വെക്കാനല്ലാത്ത നഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

78 വയസ്സാണ് കവിയൂർ പൊന്നമ്മയ്ക്ക്.  തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കവിയൂർ എന്ന പത്തനംതിട്ടയിലെ ​ഗ്രാമത്തിൽ ജനിച്ച പൊന്നമ്മ പൊൻകുന്നത്താണ് കുട്ടിക്കാലം ചിലവിട്ടത്.  പിന്നീട് സം​ഗീത പഠനത്തിനായി ചങ്ങനാശേരിയിൽ എത്തുകയും എൽപിആർ വർമയുടെ കീഴിൽ സം​ഗീത പഠനം തുടരുകയും ചെയ്തു. നല്ലൊരു ഗായിക കൂടിയായ കവിയൂർ പൊന്നമ്മ വെച്ചൂർ എസ് ഹരിഹര സുബ്രഹ്മണ്യയ്യരുടെ കീഴിലും സം​ഗീതം അഭ്യസിച്ചിട്ടുണ്ട്. പ്രതിഭ ആർട്സിന്റെ നാടകങ്ങളിൽ പതിനാലാം വയസിൽ ​ഗായികയായി കലാരം​ഗത്ത് അരങ്ങേറ്റം കുറിച്ച പൊന്നമ്മ കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയ രംഗത്തെത്തുകയായിരുന്നു.

അഭിനയത്തിൽ തോപ്പിൽ ഭാസിയെയാണ് പൊന്നമ്മ ​ഗുരുവായി കാണുന്നത് എന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 1962ൽ പുറത്തുവന്ന ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ ആദ്യമായി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. വലുതും ചെറുതുമായ ഒരുപാട് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ പൊന്നമ്മ പിന്നീട് അമ്മ വേഷങ്ങളിലൂടെ ആണ് കൂടുതൽ പ്രേക്ഷകപ്രീതി നേടിയത്.  പിന്നീട് മലയാള സിനിമയുടെ അമ്മയായി കവിയൂർ പൊന്നമ്മ മാറുകയായിരുന്നു. ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിലായി നാല് തവണ നേടിയ അതുല്യ പ്രതിഭയാണ് കവിയൂർ പൊന്നമ്മ.

കിരീടം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ മോഹൻലാലിന്റെ അമ്മയായി കവിയൂർ പൊന്നമ്മ വിസ്മയ പ്രകടനം കാഴ്ച്ചവച്ചു. മോഹൻലാലിന് അമ്മയായി മലയാളികൾക്ക് കവിയൂർ പൊന്നമ്മയെ അല്ലാതെ സങ്കൽപ്പിക്കാൻ പറ്റുമോ. അവർ ഇരുവരും ഒന്നിക്കുമ്പോൾ ഒരു അമ്മ മകൻ ബന്ധം എന്താണെന്ന് മലയാളികൾ തിരിച്ചറിഞ്ഞു.  അതുപോലെ തിലകനുമായുള്ള കോമ്പിനേഷൻ രംഗങ്ങളിൽ കവിയൂർ പൊന്നമ്മയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. അവർ ഇരുവരും തമ്മിൽ ഭാര്യ ഭർത്താക്കന്മാരായി വന്ന് സന്ദേശം, കുടുംബ വിശേഷം, കിരീടം അങ്ങിനെ എത്രയോ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തെ സ്വാധീനിച്ചിട്ടുണ്ട്..

തീർഥയാത്ര എന്ന ചിത്രത്തിലെ അംബികേ ജ​ഗദംബികേ എന്ന ​ഗാനം ആലപിച്ച പൊന്നമ്മ എന്ന ഗായികയെ വേണ്ടവിധത്തിൽ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല. പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മ ആലപിച്ച് പ്രേക്ഷക മനം ഒരുകാലത്ത് കവർന്നിട്ടുണ്ട്. 700 ലധികം സിനിമയിൽ അഭിനയിച്ചു. 14 വയസ്സ് മുതൽ കലാരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന നടിയാണ് കവിയൂർ പൊന്നമ്മ.

പിൽക്കാലത്ത് സിനിമാ നിർമാതാവായ മണിസ്വാമിയെയാണ് പൊന്നമ്മ പിന്നീട് വിവാഹം കഴിച്ചത്. മകളായ ബിന്ദു വിവാഹം കഴിഞ്ഞ് അമേരിക്കയിലാണ്. അമ്മയുടെ ആരോഗ്യ അവസ്ഥ അറിഞ്ഞ് മകൾ ബിന്ദു അമേരിക്കയിൽ നിന്നും എത്തിയിരുന്നു. പിന്നീട് മടങ്ങി പോവുകയും ചെയ്തിരുന്നു. കവിയൂർ പൊന്നമ്മയുടെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ഓരോ മലയാളികളും ഉൾക്കൊള്ളുന്നത്. ആ പുണ്യ ആത്മാവിന് ആദരാഞ്ജലികൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *