Banner Ads

ആന്റണി രാജുവിന് ആശ്വാസമില്ല: ശിക്ഷാ നടപടികൾ മരവിപ്പിക്കില്ലെന്ന് ഹൈക്കോടതി.

കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം. കീഴ്ക്കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ഇതോടെ ആന്റണി രാജുവിനുള്ള അയോഗ്യത നിലനിൽക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു.ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.

ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതിയും ഈ ആവശ്യം നിരസിക്കുകയായിരുന്നു.രണ്ടാം പ്രതിയായ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്ന് വർഷം തടവിനാണ് ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ച വ്യക്തിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ട്. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ വീണ്ടും സ്ഥാനാർത്ഥിയാകാൻ ശ്രമം നടത്തുന്നതിനിടെയാണ് ഈ വിധി പുറത്തുവന്നത്.

ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്ന് ആന്റണി രാജു കോടതിയെ അറിയിച്ചിരുന്നുവെങ്കിലും കോടതി അത് പരിഗണിച്ചില്ല.തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന ഗുരുതരമായ ആരോപണം നേരിടുന്ന കേസിൽ ഈ ഹൈക്കോടതി വിധി ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.