കാക്കനാട്: രാവിലെ 9.30ന് തുടങ്ങിയ തീപിടിത്തം സംബന്ധിച്ച് 10.20നാണ് തൃക്കാക്കര അഗ്നി രക്ഷ നിലയത്തിൽ വിവരമെത്തിത്.അഞ്ചു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിലൂടെ. എട്ട് ഫയർഫോഴ്സ് യൂനിറ്റ് പ്രവർത്തിച്ചാണ് തീയണച്ചത്. തുടർന്ന് തൃക്കാക്കര, ഗാന്ധിനഗർ, ആലുവ, തൃപ്പൂണിത്തുറ, ക്ലബ്ബ് റോഡ്, ഏലൂർ, പട്ടിമറ്റം അഗ്നി രക്ഷ നിലയങ്ങളിൽ നിന്നായി ഫയർ യൂനിറ്റ് എത്തുകയും മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
ഇരുമ്ബ്, ഇലക്ട്രോണിക്, പേപ്പർ അടക്കമുള്ള ആക്രി വസ്തുക്കളും ടെക്സ്റ്റയിൽസ് ഷോപ്പുകളിൽ ഉപയോഗിക്കുന്ന ബൊമ്മകളും ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. പ്രദേശത്ത് വലിയ തോതിൽ പുക വ്യാപിച്ചത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി കുട്ടികൾക്കും പ്രായമായവർക്കും യാത്രക്കാർക്കും ശ്വാസതടസവും അനുഭവപ്പെട്ടു. ആക്രിക്കടയുടെ സമീപത്തെ തെങ്ങുകൾ ഉൾപ്പെടെ കത്തിനശിച്ചു.
തീപിടിത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാഗം പൂർണമായി തകർന്ന് വീണു. ആക്രിസാധനങ്ങൾ ആയതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. സമീപത്ത് വീടിന്റെ മേൽക്കൂരകളുടെ വശങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. തീപിടിത്തമുണ്ടായ പ്രദേശത്തെ റോഡുകളിലെ വാഹന ഗതാഗതം പൊലീസ് അടച്ചു. മറ്റുവഴികളിലൂടെയാണ് മണിക്കൂറോളം വാഹനങ്ങൾ കടത്തിവിട്ടത്.