Banner Ads

എൻ. വാസു ജയിലിൽ നിന്നിറങ്ങുന്നു; കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിന് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ സംഘമായ എസ്.ഐ.ടി (SIT) സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി എൻ. വാസുവിന് സ്വാഭാവിക ജാമ്യം (Statutory Bail) അനുവദിച്ചത്.

പ്രതി ജയിലിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. നിയമപരമായ ഈ പഴുത് ഉപയോഗിച്ചാണ് എൻ. വാസു കോടതിയിൽ നിന്നും ജാമ്യം നേടിയത്.ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. കട്ടിളപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തി സ്വർണ്ണം കടത്താൻ കൂട്ടുനിന്നു എന്നതാണ് ഇയാൾക്കെതിരെയുള്ള ആരോപണം.

ഈ കേസിൽ ഇതുവരെ എൻ. വാസു അടക്കം അഞ്ച് പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ ജാമ്യം നേടിയിരുന്നു. അതേസമയം, കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി.ഹൈക്കോടതി നേരത്തെ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നുവെങ്കിലും, കുറ്റപത്രം വൈകിയത് പ്രതിക്ക് അനുകൂലമായി മാറുകയായിരുന്നു.