ന്യൂഡല്‍ഹി:ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ള എച്ച്എംപിവി കേസുകളില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലും ഗുജറാത്തിലുമായി ഇതുവരെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇത് ഒരു പുതിയ വൈറസ് അല്ലെന്നും ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലഭ്യമായ എല്ലാ നിരീക്ഷണ മാര്‍ഗങ്ങളിലൂടെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. വര്‍ഷം മുഴുവനും എച്ച്എംപിവി വ്യാപനവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഐസിഎംആര്‍ ട്രാക്ക് ചെയ്യുന്നത് തുടരും. ചൈനയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന സമയബന്ധിതമായ അപ്ഡേറ്റുകള്‍ നല്‍കുന്നുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധന കൈകാര്യം ചെയ്യാന്‍ ഇന്ത്യ സജ്ജമാണെന്നും ആവശ്യമെങ്കില്‍ പൊതുജനാരോഗ്യ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രാലയം പറഞ്ഞു. കര്‍ണാടകയില്‍ രോഗബാധിതരായ രണ്ടുപേര്‍ക്കും വിദേശ യാത്രാ ചരിത്രമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.വിവിധ രാജ്യങ്ങളില്‍ എച്ച്എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.