Banner Ads

ഭയവും യുദ്ധവും അകലട്ടെ; സമാധാനത്തിന്റെ സന്ദേശവുമായി അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ

തിരുവനന്തപുരം : മരണത്തിന്മേൽ യേശുദേവൻ നേടിയ വിജയത്തിന്റെ സ്മരണയിൽ ലോകമെങ്ങും ഈസ്റ്റർ ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ അർധരാത്രി മുതൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. ഭക്തിനിർഭരമായ ചടങ്ങുകൾക്കൊപ്പം സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും സഭാ അധ്യക്ഷന്മാർ തങ്ങളുടെ സന്ദേശങ്ങളിൽ പങ്കുവെച്ചു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യകാർമികത്വം വഹിച്ചു. ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഭയവും യുദ്ധങ്ങളും എല്ലാവരെയും ഒരുപോലെ വേദനിപ്പിക്കുന്നു. യുദ്ധങ്ങൾ അവസാനിക്കാനും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടാനും ഈ ഉയിർപ്പ് ദിനത്തിൽ പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ മലങ്കര കത്തോലിക്ക സഭ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് വിശ്വാസികൾക്ക് നിർദ്ദേശങ്ങൾ നൽകി. ഓരോരുത്തരും തങ്ങളുടെ വോട്ട് അവകാശം കൃത്യമായി വിനിയോഗിക്കണം. ആരും വോട്ട് പാഴാക്കരുത്. മറിച്ച് മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണം.

രാജ്യത്ത് വരുന്ന പുതിയ നിയമങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന ആശങ്കകളെക്കുറിച്ചും വിശ്വാസികൾ ബോധവാന്മാരായിരിക്കണമെന്ന് കർദിനാള്‍ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ ഓർമ്മിപ്പിച്ചു. സഭയുടെ നേതൃത്വത്തിൽ ജാതിമത ഭേദമന്യേ നടത്തുന്ന സ്നേഹഭവനം പോലുള്ള പദ്ധതികൾ സഭയുടെ സേവനതൽപ്പരതയുടെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.