Banner Ads

തിരുവനന്തപുരത്ത് വൻ ആയുധവേട്ട; ബാലരാമപുരത്ത് കണ്ടെത്തിയത് മാരകായുധങ്ങൾ

തിരുവനന്തപുരം: ബാലരാമപുരത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ വൻ ആയുധശേഖരം പിടികൂടി. തേമ്പാമുട്ടം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടി പായ കൊണ്ട് മൂടിയ നിലയിലായിരുന്നു ആയുധങ്ങൾ. ആറ് വാളുകൾ, രണ്ട് മഴുകൾ, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. ഇവയ്ക്ക് വലിയ പഴക്കമില്ലാത്തതിനാൽ അടുത്തിടെ നിർമ്മിച്ചവയാണെന്നാണ് പ്രാഥമിക നിഗമനം.

രഹസ്യവിവരത്തെ തുടർന്ന് ബാലരാമപുരം പോലീസ് നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ പിടികൂടിയത്. നാല് മാസം മുൻപ് ഇതേ പ്രദേശത്ത് അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. വാട്ടർ ടാങ്ക് പരിസരം കേന്ദ്രീകരിച്ച് ലഹരി-അക്രമി സംഘങ്ങൾ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു