
വയനാട്: വയനാട് മാനന്തവാടിയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾ അന്വേഷണസംഘത്തിന്റെ വലയിലായത്. ഇതോടെ കഴിഞ്ഞ ശനിയാഴ്ച നാടിനെ നടുക്കിയ തിരോധാനത്തിന് പിന്നിൽ കൃത്യമായ തട്ടിക്കൊണ്ടുപോകൽ നടന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് നാലുവയസ്സുകാരിയെ പെട്ടെന്ന് കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ, ഏകദേശം രണ്ട് മണിക്കൂറിന് ശേഷം രാത്രി 9.45-ഓടെ 7 കിലോമീറ്റർ അകലെയുള്ള തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.ദ്വാരകയിലെ വീട്ടിൽ നിന്നും ഇത്രയധികം ദൂരെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് സത്യം പുറത്തുകൊണ്ടുവന്നത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടിയെ ഒരാൾ സ്കൂട്ടറിൽ ഇരുത്തി കൊണ്ടുപോകുന്നത് വ്യക്തമായി കണ്ടിരുന്നു.മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.