
പാലക്കാട്: മധുക്കര ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽപ്പെട്ട ഇന്നോവ കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി അദിത്തും (29) മരണപ്പെട്ടു.
കോയമ്പത്തൂരിൽ ഒരു വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു മലയാളികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ. സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക്, എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന ഇന്നോവ കാർ ഡിവൈഡർ തകർത്ത് ഇടിച്ചുകയറുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അജിത്തിനെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീഷിനെ വാളയാറിലെ പിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
വിനീഷിന്റെ മൃതദേഹം പിന്നീട് കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലയാളികളായ അഭിലാഷ് (20), സുനിൽ (40) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഭിലാഷിന്റെ പരിക്ക് ഗുരുതരമായതിനാൽ രാത്രിയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.