
ദില്ലി: രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ‘എനർജി ലോക്ഡൗൺ’ ഉണ്ടാകുമെന്ന തരത്തിലുള്ള കെട്ടുകഥകൾ വിശ്വസിക്കരുതെന്ന് അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയയിലടക്കം വ്യാപകമായ പ്രചരണം നടന്ന സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം.
പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത്. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ മറികടക്കാൻ ലോക്ഡൗൺ കാലത്തെപ്പോലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഈ പരാമർശത്തെ രാജ്യം മറ്റൊരു ലോക്ഡൗണിലേക്ക് നീങ്ങുന്നു എന്ന രീതിയിൽ പലരും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
രാജ്യത്ത് നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട ഒരു സാഹചര്യവുമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വ്യക്തമാക്കി.പെട്രോൾ, ഡീസൽ, എൽ.പി.ജി തുടങ്ങിയ അവശ്യ ഇന്ധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത കേന്ദ്രസർക്കാർ നിരന്തരം നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ല. വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും രാജ്യം സാമ്പത്തിക-ഊർജ്ജ മേഖലകളിൽ സുരക്ഷിതമാണെന്നും സർക്കാർ അറിയിച്ചു.