
സുൽത്താൻ ബത്തേരി: ജില്ലയിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ കുറഞ്ഞ വിലയുള്ള മദ്യത്തിന് കടുത്ത ക്ഷാമം. സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിലെ ഔട്ട്‌ലെറ്റിൽ എം.സി.ബി, ഹണിബീ, ജവാൻ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ ലഭ്യമല്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പ്രീമിയം കൗണ്ടറുകളിൽ പോലും വിലകൂടിയ മദ്യം മാത്രമാണ് നിലവിലുള്ളത്.
വരാനിരിക്കുന്ന ആഘോഷ ദിനങ്ങൾ കണക്കിലെടുത്ത് ഔട്ട്‌ലെറ്റുകളിൽ എത്തുന്ന സാധാരണക്കാർ ഇതോടെ നിരാശരായി മടങ്ങുകയാണ്.കോഴിക്കോട് വെള്ളയിലെ വെയർഹൗസ് മാറ്റുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇന്ന് ഒരു ലോഡ് എത്തുമെങ്കിലും, ചുരുങ്ങിയത് മൂന്ന് ലോഡ് എങ്കിലും തുടർച്ചയായി ലഭിച്ചാലേ സ്റ്റോക്ക് സാധാരണ നിലയിലാകൂ.
മാനന്തവാടി, കൽപറ്റ ഔട്ട്‌ലെറ്റുകളിലും സമാനമായ ക്ഷാമം നേരിടുന്നുണ്ട്. മാർച്ച് മാസത്തിലെ സ്റ്റോക്കെടുപ്പ്, ഈസ്റ്റർ, തിരഞ്ഞെടുപ്പ് പ്രമാണിച്ച് വന്ന ഡ്രൈ ഡേകൾ എന്നിവ ലോഡ് എത്തുന്നതിൽ കാലതാമസം വരുത്തി. കൂടാതെ കോഴിക്കോട് വെയർഹൗസിലെ തൊഴിലാളി സമരവും വിതരണത്തെ ബാധിച്ചിട്ടുണ്ട്.