
ഇടുക്കി: കേരളത്തിൽ എൽഡിഎഫ് ബിജെപിയുടെയും ആർഎസ്എസിന്റെയും പരോക്ഷ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കട്ടപ്പനയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷമെന്ന ലേബലിൽ പ്രവർത്തിക്കുന്ന എൽഡിഎഫ് ഇപ്പോൾ യഥാർത്ഥ ഇടതുപക്ഷമല്ലാതായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ ഇടതുപക്ഷം അതിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചു. ബിജെപിയെപ്പോലെ കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയായി എൽഡിഎഫ് മാറി. ബിജെപിയും ആർഎസ്എസും എൽഡിഎഫിനെ സഹായിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. നരേന്ദ്രമോദി എന്നും ക്ഷേത്രങ്ങളെയും വിശ്വാസത്തെയും കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രത്തിൽ നടന്ന സ്വർണ്ണ കവർച്ചയെക്കുറിച്ച് അദ്ദേഹം മിണ്ടുന്നില്ല.
കേരളത്തിൽ വന്നിട്ടും ഈ സ്വർണ്ണക്കൊള്ളയെക്കുറിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് എന്താണെന്ന് രാഹുൽ ചോദിച്ചു.ഇടുക്കിയിലെ ജനങ്ങൾ നേരിടുന്ന പട്ടയ പ്രശ്നങ്ങളിലും നിർമ്മാണ നിരോധനത്തിലും എൽഡിഎഫ് സർക്കാർ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് ആളുകൾക്ക് ഇപ്പോഴും പട്ടയം ലഭിക്കാനുണ്ട്.
പട്ടയം ലഭിച്ചവർക്ക് പോലും സ്വന്തം ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫ് ഇപ്പോൾ യഥാർത്ഥ ഇടതുപക്ഷമല്ലെന്ന് സ്വന്തം പാർട്ടിയിലെ നേതാക്കൾ പോലും രഹസ്യമായി സമ്മതിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.