കുവൈത്ത് സിറ്റി:ഉച്ചസമയത്ത് പുറത്തുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം കുവൈത്ത് സർക്കാർ പിൻവലിച്ചു. കടുത്ത വേനൽക്കാല ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മൂന്ന് മാസത്തെ നിരോധനം നടപ്പിലാക്കിയതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) സ്ഥിരീകരിച്ചു.
തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം വളർത്തുന്നതിനായി ഒരു മാധ്യമ ക്യാമ്പയിനിനൊപ്പം എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ സംഘങ്ങൾ പതിവായി ഫീൽഡ് സന്ദർശനങ്ങൾ നടത്തിയതായി പിഎഎം ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി പറഞ്ഞു. ഈ കാലയളവിൽ, 63 നിയമലംഘന സൈറ്റുകളും, വിലക്ക് ലംഘിച്ച 68 തൊഴിലാളികളും അധികൃതർ രേഖപ്പെടുത്തിയപ്പോൾ,
ഹോട്ട്‌ലൈൻ സേവനത്തിലൂടെ 37 പൊതു റിപ്പോർട്ടുകൾ ലഭിച്ചു. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, പദ്ധതി സമയപരിധി ലംഘിക്കാതെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം. നിയമങ്ങൾ പാലിച്ച തൊഴിലുടമകളുടെയും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് നിരീക്ഷിക്കാൻ സഹായിച്ച പൊതുജനങ്ങളുടെയും സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.