പാല : മാർ സ്ലീവാ മെഡിസിറ്റിയിലെ അപൂർവ ശസ്ത്രക്രിയയിലൂടെ കാഞ്ഞിരപ്പള്ളി സ്വദേശിയായ 25കാരന് തൻ്റെ ഇടതുകൈയുടെ ഉപയോഗം വീണ്ടെടുത്തു. ഒരു മിനി ട്രാൻസ്‌പോർട്ട് വാഹനത്തിൻ്റെ ഡ്രൈവറായ യുവാവിന് ശസ്ത്രക്രിയയിലൂടെ വീണ്ടും വളയം പിടിക്കാനായി സാധിച്ചു. ഒരു അപകടത്തെത്തുടർന്ന് ഒന്നര വർഷത്തേക്ക് പൂർണ്ണമായി നിശ്ചലമായ അദ്ദേഹം പൂർണ്ണമായി സുഖം പ്രാപിച്ചു. ഇപ്പോൾ തൻ്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.
ഒന്നര വർഷം മുമ്പ് റാന്നി-മണിമല റൂട്ടിൽ വിനാശകരമായ ഒരു അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാർ കുറുകെ വന്നിടിച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് റോഡിലേക്ക് തെറിച്ച് വീഴുകയും ഇടത് കൈയ്യിലേക്കുള്ള ഞരമ്പുകൾ സുഷുമ്നാ നാഡിയിൽ നിന്നും വേർപ്പെട്ടിരുന്നു. തുടർന്ന് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു.
ഈ അവസ്ഥയെ പാൻ ബ്രാക്കിയൽ പ്ലെക്സസ് ഇഞ്ചുറി എന്നറിയപ്പെടുന്നു. റോഡിൽ, താടിയെല്ലിന് ക്ഷതവും നാവ് മുറിഞ്ഞു പോവുകയും ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ മാസങ്ങളോളം വിപുലമായ ചികിത്സ നടത്തിയിട്ടും യുവാവിന്റെ ഇടതു കൈ ചലനരഹിതമായി.
മണിക്കൂറുകൾ നീണ്ട അതി സൂക്ഷ്മ മൈക്രോ ശസ്ത്രക്രിയയിലൂടെയാണ് പുതിയ ഞരമ്പ് ഘടിപ്പിച്ചത്. പ്ലാസ്റ്റിക് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ.അശ്വതി ചന്ദ്രൻ, അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ശിവാനി ബക്ഷി തുടങ്ങിയവരും ശസ്ത്രക്രിയയിൽ പങ്കെടുത്തിരുന്നു.
ശസ്ത്രക്രിയയുടെ മുറിവുകൾ മാറി ആഴ്ചകൾ വിശ്രമിച്ച ശേഷമാണ് യുവാവ് ഇടതു കൈ ചലിപ്പിച്ചു തുടങ്ങിയത്. തുടർന്ന് ഫിസിയോ തെറാപ്പിക്ക് ശേഷം ചലനശേഷി പൂർണമായും തിരിച്ചെടുത്തു. നഷ്ടപ്പെട്ട് പോയെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിനാൽ ഡ്രൈവർ ജോലിയിലേക്കു യുവാവ് സന്തോഷത്തോടെ തിരികെ പ്രവേശിച്ചു.