Banner Ads

കെ.കെ. ശൈലജയുടെ മുഖ്യമന്ത്രി സാധ്യത; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ.

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ ടീച്ചർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് സി.പി.എമ്മിനോ എൽ.ഡി.എഫിനോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.മട്ടന്നൂരിന് പകരം ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കുന്നത് അവരെ ‘ഒതുക്കാൻ’ വേണ്ടിയാണെന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പൂർണ്ണമായും നിഷേധിച്ചു.

ശൈലജയെ പേരാവൂരിലേക്ക് മാറ്റിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നും അതിൽ മറ്റ് ഉൾക്കള്ളികളില്ലെന്നും അദ്ദേഹം പറഞ്ഞു.ഒന്നാം പിണറായി മന്ത്രിസഭയിൽ മികവ് തെളിയിച്ച കെ.കെ. ശൈലജയെ രണ്ടാം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം, ശൈലജയെ മാറ്റിനിർത്തിയത് ഒരു പ്രത്യേക വ്യക്തിയെ ലക്ഷ്യം വെച്ചല്ല. മറിച്ച്, പാർട്ടി കാലങ്ങളായി പിന്തുടരുന്ന അച്ചടക്കത്തിന്റെയും പുതിയ നിരയെ വളർത്തുന്ന നയത്തിന്റെയും ഭാഗമാണ്.

തുടർച്ചയായി രണ്ട് തവണ വിജയിച്ചവരെ മാറ്റുന്ന പാർട്ടിയുടെ പൊതുനിലപാട് ശൈലജയുടെ കാര്യത്തിലും ഉണ്ടായെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സ്പീക്കർ എ.എൻ. ഷംസീറിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതി മുഖ്യമന്ത്രി വിശദീകരിച്ചത്.”തലശ്ശേരി പോലെയുള്ള പാർട്ടിയുടെ ഉറച്ച മണ്ഡലങ്ങളിൽ പുതിയ ഒരാളെ നിർത്തി വിജയിപ്പിക്കുക എന്നത് സി.പി.എമ്മിന് പ്രയാസമുള്ള കാര്യമല്ല. അത്തരം മണ്ഡലങ്ങളിൽ പുതിയ മുഖങ്ങളെ പരീക്ഷിക്കാൻ പാർട്ടി എപ്പോഴും തയ്യാറാകും.

എന്നാൽ സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വാധീനം വിജയത്തിന് അത്യന്താപേക്ഷിതമായ മണ്ഡലങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പാർട്ടി മടിക്കാറുണ്ട്.”ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ‘പെർഫോമറെ’ എന്തുകൊണ്ട് മാറ്റിനിർത്തി എന്ന ചോദ്യത്തിന്, വ്യക്തിപൂജയേക്കാൾ പാർട്ടി നയങ്ങൾക്കും കാലാനുസൃതമായ മാറ്റങ്ങൾക്കുമാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി അർത്ഥശങ്കയില്ലാതെ വ്യക്തമാക്കി.