തിരുവനന്തപുരം : കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081/82) ഇനി ചങ്ങനാശ്ശേരിയിലും നിർത്തും. ഒക്ടോബർ 9 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. റെയിൽവേ ബോർഡിലും മന്ത്രാലയത്തിലും നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് ഈ തീരുമാനം.
ജനശതാബ്ദി എക്സ്പ്രസിന് സ്റ്റോപ്പ് ഇല്ലാത്തതിനാൽ മലബാർ ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് കോട്ടയം, അല്ലെങ്കിൽ ആലപ്പുഴ എന്നിവിടങ്ങളിൽ ഇറങ്ങി റോഡ് മാർഗം ബാക്കി യാത്ര തുടരേണ്ട ബുദ്ധിമുട്ടുണ്ടായിരുന്നു. മന്നം ജയന്തി ദിനങ്ങളിൽ മാത്രമായിരുന്നു ട്രെയിനിന് ഇവിടെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരുന്നത്.
സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതിനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് വിഷയത്തിന്റെ പ്രാധാന്യം എംപി വിശദീകരിച്ചിരുന്നു. ഒക്ടോബർ 9-ന് വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള സർവീസിലാണ് ജനശതാബ്ദി എക്സ്പ്രസ് ആദ്യമായി ചങ്ങനാശ്ശേരിയിൽ നിർത്തുക. യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്.