
ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്കായി തുറന്നുനൽകാൻ ഇറാൻ തീരുമാനിച്ചു. അമേരിക്ക, ഇസ്രായേൽ തുടങ്ങിയ ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും ഈ പാതയിലൂടെയുള്ള യാത്ര അനുവദിക്കില്ലെന്ന് ഇറാൻ കർശന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ, ചൈന, റഷ്യ, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാം. ഇതിനോടകം ഇന്ത്യയുടെ രണ്ട് കപ്പലുകൾ പാത കടന്നതായാണ് റിപ്പോർട്ട്.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അഭ്യർത്ഥനയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ചർച്ചകളും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
നിലവിൽ പ്രദേശം ഒരു യുദ്ധമേഖലയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. അതിനാൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് യാതൊരു കാരണവശാലും ഈ പാത ഉപയോഗിക്കാൻ കഴിയില്ല.ഹോർമുസ് കടലിടുക്ക് വഴി ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന ഇറാന്റെ മുൻ നിലപാടിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ആശ്വാസമാണ്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 30% കടന്നുപോകുന്നത് ഈ ഇടുങ്ങിയ കടലിടുക്കിലൂടെയാണ്. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ പാത അടച്ചാൽ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യും.