Banner Ads

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപി കൗൺസിലർക്കെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.

പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ സിന്ധുവിന്റെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞതിനെതിരെ കോൺഗ്രസ് നിയമനടപടി ആരംഭിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് പാലക്കാട് ഡിവൈഎസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നൽകി. സ്ഥാനാർത്ഥിയുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്.കഴിഞ്ഞ ദിവസം രാത്രി വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ബിജെപി കൗൺസിലറും പ്രവർത്തകരും ചേർന്ന് സ്ഥാനാർത്ഥിയെ തടയുകയായിരുന്നു. തങ്ങളുടെ മേഖലയിലേക്ക് പ്രചാരണത്തിന് കടന്നുവരരുത് എന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ പ്രകോപനം.”ബിജെപി ശക്തി പ്രാപിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന്റെ സൂചനയാണിത്. രമേഷ് പിഷാരടിയെ തടഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്. ബിജെപി ജനാധിപത്യ മര്യാദ പാലിക്കണം,” മുഖ്യമന്ത്രി പ്രതികരിച്ചു.എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേഷ് പിഷാരടിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.സ്ഥാനാർത്ഥിയെ തടഞ്ഞ സംഭവം പാലക്കാട് മണ്ഡലത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ വിഷയം പ്രചാരണ വേദിയിൽ സജീവമായി ഉയർത്താനാണ് യുഡിഎഫ് തീരുമാനം.