
കൽപ്പറ്റ: ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻ കൂർജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം.
സെൻട്രൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണവും സെൻട്രൽ എസിപിക്ക് കേസിൻ്റെ മേൽനോട്ട ചുമതലയും നൽകി. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു. പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി.കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി.
അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്യുകയായിരുന്നു