
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മെച്ചപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ പരമാവധി വേഗപരിധി ഉയർത്തി. നിലവിൽ മണിക്കൂറിൽ 60 കിലോമീറ്ററായിരുന്ന വേഗതയാണ് 80 കിലോമീറ്ററായി വർധിപ്പിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ ട്രാൻസ്പോർട്ട് കമ്മിഷണർ പുറത്തിറക്കി.
ദേശീയപാതകൾ, സംസ്ഥാന പാതകൾ തുടങ്ങി സംസ്ഥാനത്തെ പ്രധാന റോഡുകളിലൂടെയുള്ള യാത്രയ്ക്കാണ് പുതിയ വേഗപരിധി ബാധകമാകുന്നത്.ഗതാഗത സൗകര്യങ്ങൾ വിപുലമായ പശ്ചാത്തലത്തിലാണ് ഈ പരിഷ്കാരം.വേഗപരിധി ഉയർത്തിയെങ്കിലും സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിലവിലെ ഗതാഗത നിരോധനം തുടരും. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതമുള്ള നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ല.
പുതിയ ഉത്തരവ് നിലവിൽ വന്നാലും അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക വേഗനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസിന് അധികാരമുണ്ടാകും. റോഡ് സുരക്ഷാ നിർദ്ദേശങ്ങളും ട്രാഫിക് നിയമങ്ങളും ഡ്രൈവർമാർ കർശനമായി പാലിക്കണമെന്ന് ഗതാഗത വകുപ്പ് നിർദ്ദേശിച്ചു.