Banner Ads

പരീക്ഷാ വിജയം വാഗ്ദാനം ചെയ്ത് പീഡനം: സർക്കാർ ഡോക്ടർ പോലീസ് പിടിയിൽ.

പരീക്ഷയിൽ മാർക്ക് കൂട്ടി നൽകാമെന്നും വിജയിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ഓം പ്രകാശിനെയാണ് ഊട്ടി വനിതാ പോലീസ് പിടികൂടിയത്.

സർവകലാശാല അധികൃതരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചാണ് ഡോക്ടർ വിദ്യാർത്ഥിനിയെ സമീപിച്ചത്. മാർക്ക് ശരിയാക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. ഹോട്ടൽ മുറിയിൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.

ഇതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആരും ഇയാൾക്കൊപ്പം താമസിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സമാനമായ രീതിയിൽ മറ്റ് വിദ്യാർത്ഥിനികളെയും ഇയാൾ ചതിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഊട്ടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.