Banner Ads

‘പോ മോനേ വിജയാ’; പിണറായിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രേവന്ത് റെഡ്ഡി.

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാക്പോര് അത്യന്തം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും രാഷ്ട്രീയ പോരിലേക്കും നീങ്ങുന്നു. പിണറായി വിജയന്റെ വിമർശനങ്ങളെ താൻ ‘അനുഗ്രഹമായി’ കാണുന്നുവെന്നും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞുവെന്നും രേവന്ത് റെഡ്ഡി ആവർത്തിച്ചു.’പോ മോനേ വിജയാ’ എന്ന പ്രയോഗം ആവർത്തിച്ച രേവന്ത് റെഡ്ഡി, പിണറായി വിജയൻ മോദിയുടെ പാത പിന്തുടരുകയാണെന്ന് ആരോപിച്ചു. തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ലെന്നും നരേന്ദ്ര മോദിയാണ് പിണറായിയുടെ ‘വല്യേട്ടൻ’ എന്നും അദ്ദേഹം പരിഹസിച്ചു.

“കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുത്, ബൈ ബൈ പിണറായി” എന്ന് വിളിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഡി പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ അധിക്ഷേപങ്ങളെ താൻ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രേവന്ത് റെഡ്ഡിയുടെ വിവാദ പ്രയോഗങ്ങൾക്ക് മറുപടിയായി ‘ഡിയർ ശ്രീ രേവന്ത് റെഡ്ഡി’ എന്ന അഭിസംബോധനയോടെ മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളം കൈവരിച്ച വികസന നേട്ടങ്ങളെ അക്കമിട്ട് നിരത്തുന്നതാണ് കത്തിലെ ഉള്ളടക്കം.

രാഷ്ട്രീയ അധിക്ഷേപങ്ങൾക്ക് വികസനരേഖകൾ കൊണ്ട് മറുപടി നൽകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. “പോകും, മുന്നോട്ട് തന്നെ പോകും; നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും” എന്ന് കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിച്ചത്.നേരത്തെ രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു.”മറുപടി വരുന്നുണ്ട്” എന്ന് മാത്രം സൂചിപ്പിച്ച് നടത്തിയ ആ പ്രയോഗത്തിന് പിന്നാലെയാണ് ഇപ്പോൾ വിശദമായ കത്തുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ നേരിട്ട് കൊമ്പുകോർക്കുന്നത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.